1000 ration shops will be K-stores

1000 റേഷന്‍കടകള്‍ കെ-സ്റ്റോറുകള്‍ ആകും

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഗ്രാമീണ മേഖലയില്‍ തെരഞ്ഞെടുക്കപ്പെട്ട 1000 റേഷന്‍കടകളെ കെ-സ്റ്റോറായി ഉയർത്തും. ശബരി ഉല്പന്നങ്ങള്‍, ബാങ്കിംഗ് സേവനം (5000/- രൂപ വരെ), യൂട്ടിലിറ്റി സര്‍വ്വീസ്, ബില്‍ പേമെന്റ്, ഇ-സേവനങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, കുക്കിംഗ് ഗ്യാസ് എന്നീ സാധനങ്ങളും സേവനങ്ങളും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതാണ്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത മാസം ഇതിന്റെ പ്രവര്‍ത്തനോത്ഘാടനം നടക്കും. ആദ്യപടി എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും ഓരോ കടകള്‍ വീതം ഇത്തരം സേവങ്ങള്‍ നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ക്രമേണ 1000 റേഷന്‍കടകളില്‍ ഈ പദ്ധതി നടപ്പിലാക്കും.  സംസ്ഥാന പൊതുവിതരണ വകുപ്പ് രൂപീകൃതമായിട്ട് 60 വര്‍ഷം പൂര്‍ത്തിയാവുകയാണ്. കഴിഞ്ഞുപോയ 6 പതിറ്റാണ്ട്കാലം കേരളത്തിന്റെ ഭക്ഷ്യ ഭദ്രത സംരക്ഷിക്കുന്നതിന് പൊതുവിതരണ വകുപ്പിന് സാധിച്ചിട്ടുണ്ട്. 93 ലക്ഷം റേഷന്‍കാര്‍ഡുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 2013-ലെ ഭക്ഷ്യ ഭദ്രതാ നിയമം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ആദ്യം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ക്ക് അത് തിരിച്ചേല്പിക്കാന്‍ അവസരം നല്‍കി. പിഴയും ശിക്ഷയും ഒന്നുമില്ലാതെ 1,72,312 കാര്‍ഡുകള്‍ തിരിച്ചേല്പിച്ചു. ഇതില്‍ 1,53,242 മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ട വര്‍ക്കു നല്‍കി. കൂടാതെ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉൾപ്പെടുത്തി ഒരു ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ കൂടി അനുവദിച്ചു. അങ്ങനെ ഒരു വര്‍ഷത്തിനകം 2,14,274 പുതിയ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കു നല്‍കി. കഴിഞ്ഞ ഒരു വര്‍ഷം 23,29,632 അപേക്ഷകള്‍ വിവിധ സേവനങ്ങള്‍ക്കു വേണ്ടി ഭക്ഷ്യ വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ലഭിച്ചു. ഇതില്‍ 22,87,274 അപേക്ഷകള്‍ തീര്‍പ്പാക്കി. കേരളത്തില്‍ 96.70% കാര്‍ഡുടമകള്‍ ആധാര്‍ സീഡിംഗ് നടത്തി.   വിലക്കയറ്റം തടയുന്നതിന് ശക്തമായ വിപണി ഇടപെടലാണ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടത്തുന്നത്. റേഷന്‍കാര്‍ഡ് എ.ടി.എം. മാതൃകയിലാക്കിയതിലൂടെ ജനങ്ങള്‍ക്ക് പോക്കറ്റില്‍ സൂക്ഷിക്കുന്നതിനും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിക്കുന്നതാണ്.