Telima Phase III from November 15 to December 15

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്കുള്ള ‘അന്ത്യോദയ അന്നയോജന’ റേഷൻ കാർഡുകളുടെ (എ.എ.വൈ-മഞ്ഞ) വിതരണം സംസ്ഥാന തലത്തിൽ ആരംഭിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത കാർഡുകളാണ് 15,000 അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്.

ഭക്ഷ്യപൊതുവിതരണ മേഖല കൂടുതൽ സുതാര്യമാക്കാനുള്ള പരിശ്രമങ്ങളാണ് ഇപ്പോഴത്തെ സർക്കാർ നടത്തിവരുന്നത്. അതിന്റെ ഭാഗമായിട്ടാണ് വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ ഓഫീസുകളും ഇ-ഓഫീസുകളായി മാറ്റിയത്. ഇന്ത്യയിൽ പൂർണമായും റേഷൻകാർഡുകൾ ആധാറുമായി ബന്ധിപ്പിച്ച ആദ്യ സംസ്ഥാനം കേരളമാണ്.

മാരകരോഗങ്ങൾക്കുള്ള ചികിത്സയ്ക്കും റേഷൻ ആനുകൂല്യങ്ങൾക്കുമായി റേഷൻ കാർഡ് തരം മാറ്റി മുൻഗണനാ വിഭാഗത്തിലാക്കാനുള്ള പതിനായിരക്കണക്കിന് അപേക്ഷകളാണ് പ്രതിമാസം സർക്കാരിന് ലഭിക്കുന്നത്. മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ ഒഴിവാക്കുന്നതിലൂടെ മാത്രമെ അർഹരായ പാവപ്പെട്ട ജനവിഭാഗത്തിന്മുൻഗണനാ കാർഡുകൾ ലഭ്യമാക്കാൻ കഴിയൂ. ഭക്ഷ്യ വകുപ്പിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് റേഷൻകാർഡുകളുടെ ശുദ്ധീകരണം. ഇതിനായി ഈ സർക്കാർ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ പ്രയത്നംകൊണ്ടാണ് അനധികൃമായി കൈവശം വച്ചിരുന്ന മുൻഗണനാ കാർഡുകൾ കണ്ടെത്തി അർഹരായവർക്ക് കൈമാറാൻ കഴിഞ്ഞത്. ആദിവാസി ഈരുകളിൽ സഞ്ചരിക്കുന്ന റേഷൻകടകൾ എത്തിക്കുന്നതിലും മുന്നിൽ നിന്ന് പ്രവർത്തിച്ചതും ഇവർതന്നെയാണ്. സമാനമായ നടപടികളുമായി വകുപ്പ് ഇനിയും മുന്നോട്ട് പോകും.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെ 4,00,732 പുതിയ കാർഡുകൾ അനുവദിച്ചു. 3,56,244 കാർഡുകൾ തരമാറ്റി നൽകി. റേഷൻകാർഡുമായി ബന്ധപ്പെട്ട് ലഭിച്ച 62,73,453 ഓൺലൈൻ അപേക്ഷകളിൽ 62,46,014 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ 93,96,470 പേർക്കാണ് റേഷൻ കാർഡുകളുള്ളത്.

തെളിമ മൂന്നാംഘട്ടം നവംബർ 15 മുതൽ ഡിസംബർ 15 വരെ

നവംബർ 15 മുതൽ ഡിസംബർ 15 വരെയാണ് തെളിമ പദ്ധതിയുടെ മൂന്നാംഘട്ടം നടക്കുക. റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കുന്നതിന്നതിനായാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഈ പരിപാടി നടപ്പിലാക്കുന്നത്. റേഷൻ കടകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ ഇത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഗുണഭോക്താക്കൾക്ക് നിക്ഷേപിക്കാം. റേഷൻകടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻകട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻകട നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കുന്നതിന് ഈ സേവനം ഉപയോഗപ്പെടുത്താം.