ജൂൺ ഒന്നുമുതൽ 35 ലക്ഷം മുൻഗണന കാർഡുകളിൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാൻ സാധിക്കും. സംസ്ഥാനത്തെ റേഷൻകടകൾ വഴി റാഗിപ്പൊടി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. 2022-23 ചെറുധാന്യ വർഷമായി കേന്ദ്ര സർക്കാരും ഐക്യരാഷ്ട്ര സംഘടനയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പൈലറ്റ് പദ്ധതിയായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 6228 റേഷൻകടകൾ വഴിയാണ് റാഗി വിതരണം ആരംഭിക്കുന്നത്. ആദ്യപടിയായി സംസ്ഥാനത്ത് 35.5 ലക്ഷത്തോളം വരുന്ന മുൻഗണനാ കാർഡുടമകളിൽ നിന്നും 10 ലക്ഷത്തോളം കാർഡുടമകൾക്ക് 2023 ജൂൺ മുതൽ ‘റാഗിപ്പൊടി’ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ജനങ്ങളുടെ പ്രതികരണത്തിനനുസരിച്ച് കൂടുതൽ കാർഡുടമകൾക്ക് റാഗിപ്പൊടി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷൻ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷൻ കടകൾ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയിലൂടെ ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. നിരന്തരം ചർച്ചകളുടെ ഭാഗമായി 998 ടൺ റാഗി നൽകാമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചു.