A proud achievement of the state in food security

ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം കൈവരിക്കുന്നത് അഭിമാനകരമായ നേട്ടം

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടിയ സംസ്ഥാനമാണെങ്കിലും ഭക്ഷ്യസുരക്ഷയിലും പൊതുവിപണിയിലെ സർക്കാരിന്റെ ഇടപെടലുകളിലും കേരളം അഭിമാനകരമായ വിധം മുൻപന്തിയിൽ തന്നെയാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ചവറ കൊട്ടുകാട് സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യധാന്യങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോൾ തന്നെ പൊതുവിപണിയിൽ ശക്തമായി ഇടപെടാനും ക്രമാതീതമായി വിലക്കയറ്റം ഉണ്ടാകുന്നത് തടയാനും സർക്കാരിന് സാധിക്കുന്നുണ്ട്. മാവേലി സ്റ്റോർ,സപ്ലൈകോ സൂപ്പർമാർക്കറ്റ് എന്നിവ അത്തരത്തിലുള്ള സർക്കാരിന്റെ പൊതു വിപണിയിലെ നേരിട്ടുള്ള ഇടപെടലുകൾ ആണ്. സബ്സിഡി സാധനങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും നൽകിവരുന്ന മാവേലി സ്റ്റോറുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അവ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആയി നവീകരിച്ച് വരികയാണ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉള്ള മാവേലി സ്റ്റോറുകൾ ഇത്തരത്തിൽ നവീകരണ പ്രവർത്തനങ്ങളുടെ പാതയിലാണ്.

ഫോട്ടോ ക്യാപ്ഷൻ: ചവറ കൊട്ടുകാട് സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു.