Supplyco K-Store creates an extensive system for marketing MSME products

MSMEs ഉൽപന്ന വിപണനത്തിനു വിപുലസംവിധാനമൊരുക്കി സപ്ലൈകോ കെ- സ്റ്റോർ

സിവിൽ സപ്ലൈസ്-വ്യവസായ വകുപ്പുകളുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ കേരളത്തിലെഎം.എസ്.എം.ഇകളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കെ-സ്റ്റോർ-സപ്ലൈകോ വഴിയുള്ള എം.എസ്.എം.ഇ ഉൽപന്ന വിപണനം വിപുലപ്പെടുത്താൻ പദ്ധതി തയ്യാറാക്കി സർക്കാർ. സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങൾ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കെ- സ്റ്റോറുകൾ വഴിയും സപ്ലൈകോ വിൽപന കേന്ദ്രങ്ങൾ വഴിയും വിപണനം ചെയ്യുന്നതിനാണു നിലവിലുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി വിപുലമായ സംവിധാനമാക്കി മാറ്റുന്നത്. വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയിലൂടെ നിലവിൽ വന്ന സംരംഭങ്ങൾക്ക് വിപണി ഉറപ്പാക്കാൻ സർക്കാർ തന്നെ സംവിധാനമൊരുക്കുകയാണ് ഇതിലൂടെ. കഴിഞ്ഞ ഒരു വർഷം മാത്രം 6 കോടി രൂപയുടെ എം.എസ്. എം. ഇ ഉൽപന്നങ്ങൾ കെ- സ്റ്റോറുകളിലൂടെ വിൽപന നടത്തി.

കെ-സ്റ്റോറുകൾക്ക് പുറമേ മാവേലി സ്റ്റോറുകൾ, മൊബൈൽ മാവേലി സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പിന്റെ വിൽപന കേന്ദ്രങ്ങളിൽ എം.എസ്.എം.ഇകൾക്കായി പ്രത്യേക റാക്ക് സ്‌പേസ് നൽകും. ഈ സ്ഥലം എം.എസ്.എം.ഇകൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനും വിൽപനക്കുമുള്ള അവസരമൊരുക്കുകയും ചെയ്യും.ഇതിനു പുറമെ ഇ- കൊമേഴ്‌സ് സംയോജനം നടപ്പിലാക്കുകയും ചെയ്യും. സപ്ലൈകോയുടെ ഇ കൊമേഴ്‌സ് ഔട്ട് ലെറ്റുകളിൽ എം.എസ്.എം.ഇ ഉൽപ്പന്നങ്ങൾ ലിസ്റ്റു ചെയ്യും. വളരുന്ന ഓൺലൈൻ വിപണിയിലേക്ക് കടക്കാൻ എം.എസ്.എം.ഇകൾക്ക് ഇത് അവസരമൊരുക്കും. സപ്ലൈകോയുടെ ഒ.എൻ.ഡി.സി (Open Network for Digital Commerce) ലിങ്കേജ് എം.എസ്.എം.ഇകൾക്ക് ലഭ്യമാക്കുകയും ചെയ്യും. വിൽപന കേന്ദ്രങ്ങളിൽ അനുവദിച്ചിട്ടുള്ള റാക്ക് സ്ഥലം ഉപയോഗിക്കാനുള്ള വാടക പിന്തുണ ഉറപ്പാക്കും.എം.എസ്.എം.ഇ-കൾക്ക് ഉൽപ്പന്ന വികസനത്തിലും വിപണന തന്ത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായകരമാകും.

സംസ്ഥാനത്തെ 929 കെ-സ്റ്റോറുകളിൽ 780 എണ്ണവുമായും എം.എസ്.എം.ഇകളെ ഇതിനോടകം ബന്ധപ്പെടുത്തിക്കഴിഞ്ഞു. കറി പൗഡറുകൾ, ഭക്ഷ്യ വസ്തുക്കൾ, ശർക്കര, എൽ.ഇ.ഡി ബൾബുകൾ, ആയുർവേദ ഉൽപന്നങ്ങൾ, തേൻ,മില്ലറ്റ്,നെയ്യ്, സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾ, എഫ്.എം.സി.ജി ഉൽപന്നങ്ങൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളാണ് കെ- സ്റ്റോറുകൾ വഴി വിറ്റഴിച്ചത്.