Onam fairs started under the auspices of Supplyco

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ ആരംഭിച്ചു

ഉത്സവ സീസണുകളിൽ പൊതുവിപണി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഓണം ഫെയറുകൾ ആരംഭിച്ചു. സംസ്ഥാന തലത്തിലും താലൂക്ക്/നിയോജകമണ്ഡലംതലത്തിലും ഫെയറുകൾ ആഗസ്റ്റ് 23 മുതൽ 28 വരെ സംഘടിപ്പിച്ചിട്ടുണ്ട്.

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിലാണ് ഈ വർഷം ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്. പൊതുവിപണിയിൽ സജീവമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ, സബ്സിഡി സാധനങ്ങൾക്ക് പുറമേ, വിവിധ നിത്യോപയോഗ സാധനങ്ങൾക്കും വൻ ഓഫറുകൾ ആണ് ഓണം ഫെയറുകളിലൂടെ നൽകുക. ഹിന്ദുസ്ഥാൻ ലിവർ, ഐ.റ്റി.സി., പി&ജി, ഡാബർ, നെസ്റ്റ് ലെ, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങൾ ഓണം ഫെയറുകളിലൂടെ പ്രത്യേക ഓഫറുകളോടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. നിലവിൽ സപ്ലൈകോ നൽകുന്ന വിലക്കുറവിനെക്കാൾ, വിവിധ ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും, വിവിധ FMCG ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കും.
13 ഇനം സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഫെയറുകളിൽ ലഭ്യമാകും. ഇത്തവണ ഓണത്തോടനുബന്ധിച്ച് 5 ഇനം ശബരി ഉല്പന്നങ്ങൾ സപ്ലൈകോ പുതുതായി വിപണിയിലിറക്കും. ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിവയാണ് പുതിയ ഉല്പന്നങ്ങൾ. ഇവയ്ക്ക് പൊതുവിപണിയിലെ വിലയിൽ നിന്നും 4-5 രൂപ വരെ വിലക്കുറവുണ്ടാകും. കൂടാതെ നിലവിൽ വില്പന നടത്തിവരുന്ന ശബരി ഉല്പന്നങ്ങൾ ആകർഷകമായ പായ്ക്കുകളിൽ ലഭ്യമാക്കും. 250 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങളാണ് ഓണക്കാല വിപണിയിടപെടലിനായി സപ്ലൈകോ സംഭരിച്ചിരിക്കുന്നത്. ഓരോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാലത്ത് സപ്ലൈകോ സംഭരിക്കുന്നത്. മിൽമ, ഹോർട്ടികോർപ്പ് കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയും ഫെയറുകളിൽ വിലക്കുറവിൽ ലഭ്യമാക്കുന്നതനിനുവേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.